അറിവും പ്രണയവും

റിവെന്നോടു പറഞ്ഞു, പ്രണയം ഭ്രാന്താണെന്ന്.
പ്രണയം പറഞ്ഞു: 'അറിവ് വെറും തോന്നൽ.'

വെറും തോന്നലിന്റെ ദാസാ! പുസ്തകപ്പുഴു-
വായ് ജീവിതം കളയാതിരിക്കുക.

പ്രണയമഖിലം സാന്നിധ്യം. അറിവ് മുഴവൻ ആവരണം!

പ്രപഞ്ചമാകുന്ന രണഭൂമി തന്നെ പ്രണയച്ചൂടാൽ.

അറിവ് വിശേഷണങ്ങളോളം. പ്രണയമാകട്ടെ സത്തയുടെ പകർന്നാട്ടം.

പ്രണയം ശാന്തി, സ്ഥൈര്യം. പ്രണയം ജനനം, മരണം.

അറിവ് തെളിഞ്ഞു നിൽക്കുന്ന പ്രശ്നം.
പ്രണയമോ, ഗോപ്യമായ ഉത്തരം.

ദീനും ഫഖ്റും രാജസവും ഉൾക്കൊണ്ട അജയ്യത
പ്രണയത്തിന്റേതാകുന്നു.

കിരീടവും രത്നങ്ങളുമണിഞ്ഞവൻ പ്രണയത്തിന്റെ
ഏറ്റവും എളിയ സേവകൻ.

ഉലകവും കാലവും പ്രണയം.

പ്രണയം ദൃഢജ്ഞാനം.
ദൃഢജ്ഞാനമാകട്ടെ,
അതാകുന്നു കവാടം തുറക്കുന്ന താക്കോൽ.

പ്രണയത്തിന്റെ നിയമാവലിയിൽ വഴിയമ്പലത്തോടുള്ള
താല്പര്യം ഹറാം (നിഷിദ്ധം).
കൊടുങ്കാറ്റിന്റെ വിറളിപൂണ്ട ആഞ്ഞടിക്കൽ ഹലാൽ (അനുവദനീയം).
കരയണയാനുള്ല ആഗ്രഹം ഹറാം.

പ്രണയത്തിൽ കൃഷിയെടുത്തു പോകുന്ന തരം ഇടിത്തീ ഹലാൽ.
സമൃദ്ധമായ വിള ഹറാം.

അറിവ് ഗ്രന്ഥത്തിന്റെ കുഞ്ഞാകുന്നു (ഇബ്നുൽ കിതാബ്).
പ്രണയമാകട്ടെ, ഗ്രന്ഥത്തിന്റെ മാതാവും
(ഉമ്മുൽ കിതാബ്).

Comments

Popular Posts